ഓർമ്മകളിലേക്ക് വീണ്ടും വീണ്ടും
തിരികെപ്പോകുന്ന മനുഷ്യരുണ്ട്.
രാവിലെയെണ്ണീറ്റ് ഒറ്റക്ക് കട്ടനിടുമ്പോൾ
ദീനം വന്ന് മരിച്ച ഭാര്യ നീനാമ്മയെ
പത്രോസേട്ടൻ ഓർക്കും. രാവിലെ
കട്ടനുമായിയവൾ വിളിച്ചുണർത്തുമ്പോൾ
ഇടക്ക് പറയുമാരുന്നു, “ഞാൻ പോയാലും
ഇയാൾ കട്ടൻ കുടി മുടക്കരുതെന്ന്.”
നിന്നോളം ഞാൻ കട്ടനെയും
സ്നേഹിച്ചോളാമെന്ന് പറഞ്ഞതോർത്ത്
പത്രോസേട്ടൻ ചൂട് കട്ടൻ ഊതിക്കുടിച്ചിട്ട്
പണിക്ക് പോകാനിറങ്ങി.
ദൂരെയുള്ള നഗരത്തിന്റെ തിരക്കുള്ള
രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ
കോളേജിലെ മനുവിനെ അരുണോർത്തു.
“എന്ത് പ്രശ്നം വന്നാലും നമ്മൾ ജീവിതത്തിൽ
തോറ്റ് കൊടുക്കരുത് അളിയാന്ന്”,
ഒന്നുമില്ലായ്മയിൽ നിന്ന് വന്ന
അവനെപ്പോഴും പറയുമാരുന്നു.
അതോർത്തപ്പോൾ അരുൺ
വേഗം റൂമിലോട്ട് തിരിച്ച് നടന്നു.
ലില്ലിചേച്ചി തൊണ്ണൂറാം വയസ്സിൽ മരിച്ച് പോയ
അമ്മയുടെ കല്ലറയുടരികെ പോയിരിക്കുമിടക്ക്.
ഒറ്റപ്പെടലിന്റെ വിഷമം മുഴുവൻ
കണ്ണ് നിറഞ്ഞവർ അമ്മയോട്
പറഞ്ഞ് തീർന്നതിന് ശേഷം,
“ഞാൻ കരയുന്നത് അമ്മക്ക്
വിഷമമാണെന്നറിയാം” എന്ന് പറഞ്ഞ്
ചേച്ചി കണ്ണ് തുടച്ച് ചിരിച്ചോണ്ട്
വീട്ടിലോട്ട് നടന്ന് തുടങ്ങും.
അങ്ങനെ ഓർമ്മകളുടെ വെട്ടത്തിൽ
ജീവിക്കുന്ന ചിലുണ്ട്. അതിന്റെ
തണുപ്പിലും ബലത്തിലും മാത്രം
ജീവിതത്തിലോട്ട് തിരിച്ച് നടക്കുന്നവർ.