പ്രിയപ്പെട്ടവർ

പ്രിയപ്പെട്ടവർ

പ്രിയപ്പെട്ടവരുടെ കൂടെയുള്ള നീണ്ട
ഒത്ത്ചേരലുകൾക്ക് ശേഷം,
ഹ്രസ്വമായ വിട പറച്ചിലിന്റെ
വൈകുന്നേരങ്ങൾ പോലുമെന്നെ
ആഗാധമായി ഒറ്റപ്പെടുത്താറുണ്ട്.

ഒരു വിളിപ്പാടകലെ അവരുണ്ടെന്നും,
വീണ്ടും തിരികെ വരുമെന്നുള്ള
അറിവുകളൊക്കെയും, ഒരു നിമിഷം
മറവികളുടെ വേലിയേറ്റത്തിൽ
ഒലിച്ച് പോകാറാണ് പതിവ്.

നിറഞ്ഞ് പെയ്ത് മഴദിവസങ്ങളുടെ
ആരവങ്ങൾ, പെട്ടെന്ന് നിശബ്ദതയ്ക്ക്
വഴിമാറുന്നത് പോലെ തോന്നാറുണ്ട്
അന്നേരമെനിക്ക്. അവരുടെ
ഓർമ്മകളുടെ തണുപ്പ്
മരപ്പെയ്ത്ത്‌പ്പോലെ ചുറ്റും
പൊഴിയുന്നത് കൊണ്ട് ഞാൻ
വരണ്ട് പോകുന്നില്ലെന്ന് മാത്രം.

ഒരുപക്ഷേ ഓർമ്മകളുടെ
തണുപ്പും കൂട്ടുമില്ലാരുന്നേൽ
മനുഷ്യരൊക്കെയും മരുഭൂമികളായി
പരിണമിച്ചേനേ. അത്കൊണ്ട് തന്നെ
പ്രിയപ്പെട്ടവർക്ക് ഓടിക്കയറി
വരാൻ ഉമ്മറപ്പടിയിലൊരു
റാന്തൽ കെടാതെ ഞാൻ
സൂക്ഷിച്ച് വെയ്ക്കാറുണ്ടെന്നും.

അത് നോക്കി എതേലും
വൈകുന്നേരങ്ങളിൽ, ഓർമ്മകളുടെ
വസന്തം തീർക്കാനവർ
നടന്ന് വരുന്നതും കാത്ത്
ഞാനേകനായി ഇവിടെയിരിപ്പുണ്ട്.


...

Written By

Bino Kochumol Varghese

Software Engineer⚡ Blogger 🦄 Reader 📚 Wanderlust 🦋 Green panther🌱