ഇനി ഞാൻ നിന്നെ മറന്നുകൊള്ളട്ടെ ?

വീണ്ടും കാണുന്നമാത്രയിൽ അതിഗാഡമായി പിന്നെയും പ്രണയത്തിലാകാൻ !

ഉറക്കമില്ലാത്തവൻ്റെ കട്ടിലിലാണ് മറവികൾ ദാരുണമായി കൊലചെയ്യപ്പെടുന്നത്, പൊടുന്നുടനെയവൻ ഓർമ്മകളാൽ വേട്ടയാടപ്പെടാൻ തുടങ്ങുന്നു.

ഒറ്റക്കുള്ള ജീവിതം വല്ലാതെ വേദനപ്പിച്ചത് കൊണ്ടാവാം ദൈവം ഭൂമിയിൽ ക്രിസ്തുവായും കൃഷ്ണനായും, നീയായുമൊക്കെ പിന്നെയും പിന്നെയും അവതരിക്കുന്നത്.

ഒറ്റക്കായിപ്പോയവരുടെ ചങ്ങാതിയാകുക എന്നതല്ലാതെ വേറെയൊന്താണ് ദൈവനിയോഗം.

ഒഴിഞ്ഞ പച്ചകുപ്പി കാണുമ്പോൾ ഞാൻ ഓർക്കുന്നത് , വേരുകൾ പിറക്കാൻ ഞാൻ കാത്തിരുന്ന പച്ചയും മഞ്ഞയും കലർന്ന എൻ്റെ വള്ളിച്ചെടികളെയാണ്. അരികിലുള്ള നാല്മണിച്ചെടിയുടെ പൂക്കളെയാണ്.

ഓരോ പ്രഭാതങ്ങളിലും എൻ്റെ സ്വപ്ങ്ങൾക്ക് നീലച്ചിറകുകൾ തുന്നിത്തരാൻ അവ എന്നെയും കാത്ത് ഇപ്പോഴും ആ ജനരികിലുണ്ട്.

മാറ്റം! ചിലപ്പോൾ കൊതിപ്പിക്കുകയും ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്യുന്ന മായാജാലം

ഈ കോറോണകാലത്ത് ആരാധനാലയങ്ങൾ അടച്ചിട്ടപ്പോൾ, ആചാരങ്ങളെ മാറ്റിവെച്ചപ്പോൾ നാം നമ്മോട് തന്നെ പറയുന്നൊരു സത്യമുണ്ട്.

ദൈവങ്ങളേക്കാൾ മനുഷ്യർക്ക് ആവശ്യം മനുഷ്യരെത്തന്നെയാണെന്നുള്ള സത്യം. മറക്കാതെയിരിക്കട്ടെ നാം ഇനിയൊരിക്കലുമത്.

ഞാൻ പോകുമ്പോൾ ഒരു റാന്തൽ കെടാതെ ഉമ്മറത്ത് തൂക്കിയിടാം.

വൈകുന്നേരങ്ങളിൽ അത് കാണുമ്പോൾ നീ ഒറ്റക്കല്ലന്ന് ഓർത്ത്കൊള്ളുക

ചുംബിക്കുമ്പോൾ ചിറകുകൾ മുളക്കുന്നതാണ് പ്രണയമെന്ന് ഞാൻ പറയുമ്പോൾ നിങ്ങളെന്നെ കളിയാക്കികൊൾക.

പക്ഷേ ഇത്രനാൾ പ്രണയിച്ചിട്ടും ചിറകുകൾ മുളക്കാത്ത നിങ്ങളെ ഓർത്താണ് എനിക്ക് വിഷമം.

ഇട്ടൂലിക്കളിയിൽ ജയിക്കാൻ ചൂട് ഇഷ്ട്ടപ്പെട്ടിരുന്ന ബാല്യത്തിൽ നിന്ന് ജീവിതച്ചൂടിൽ ജയിക്കാൻ ഒരിറ്റ് തണുപ്പ് തിരയുന്ന യൗവ്വനത്തിലേക്ക് മാറിയിരിക്കുന്നു എൻെറ ജീവിതം.